രേണുക (Renuka) - മുരുകന്‍ കാട്ടാകട (Murukan Kattakada)

കവിത - രേണുക (Renuka)

രചന - മുരുകന്‍ കാട്ടാകട (Murukan Kattakada)

 

രേണുകേ നീ രാഗരേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പൊഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേയ്ക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹമേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ... നാം രണ്ടുപുഴകളായ്
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായി ഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായി
നാം കടംകൊള്ളുന്നതിത്ര മാത്രം

രേണുകേ, നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാക്കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും 

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ

ഭ്രമമാണു പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം

എപ്പൊഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശ്ശബ്ദ ശബ്ദങ്ങളായ്
പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമൂറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റയ്ക്ക്
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ

രേണുകേ നീ രാഗരേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പൊഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

പൊന്നമ്പിളി പൊട്ടും തൊട്ട് - Ponnambili pottum thottu

ഗാനം: പൊന്നമ്പിളി പൊട്ടും തൊട്ട്   
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജെറി അമൽ ദേവ്
പാടിയത്: കെ.ജെ. യേശുദാസ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

മെടഞ്ഞിട്ട കാർകൂന്തൽ ചുരുൾതുമ്പ് കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിൾക്കൂമ്പ് കണ്ടിട്ടോ
മനസ്സാകവേ ഉതിരുമമൃത മഴയായ് ഓ...

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

ആമ്പൽപ്പൂവ് പോലെ കൂമ്പും കണ്ണിൽ നാണമായ്
മന്ദം മന്ദമെന്നേ നോക്കി മൗനം പൂണ്ടവൾ
ചുണ്ടിൽ ചെണ്ടുമല്ലി തോൽക്കും പൂന്തേൻ ചിന്തവേ
മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ അവളെൻ നെഞ്ചിലുണരും പ്രേമകലതൻ ദേവിയായ്
ഹൃദയം പൂത്തുവിരിയും ദീപ നിരതൻ നാളമായ്
ഉള്ളിനുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാ ശോഭയായ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ
കണ്ണിൽ കണ്ട സ്വപ്നമെല്ലാം കനലായി വിങ്ങിയോ
ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായി തീർന്നുവോ
കലിയിൽ തുള്ളി രുചിരമുതിരും കാളിയായ്
അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ് 
പിന്നെ മുന്നിൽ തീമഴ പെയ്തവളെങ്ങോ മാഞ്ഞു പോയ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

മെടഞ്ഞിട്ട കാർകൂന്തൽ ചുരുൾതുമ്പ് കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിൾക്കൂമ്പ് കണ്ടിട്ടോ
മനസ്സാകവേ ഉതിരുമമൃത മഴയായ് ഓ...

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ