നാറാണത്തു ഭ്രാന്തൻ (Naaranathu Bhranthan - Poem Lyrics)

നാറാണത്തു ഭ്രാന്തൻ
(1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്)


രചന : ശ്രീ. മധുസൂദനൻ നായർ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ...
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ...
നിന്റെ മക്കളിൽ ഞാനാണനാഥൻ...
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ 
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന 
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല...

വാഴ്‌വിൻ ചെതുമ്പിച്ച വാതിലുകളടയുന്ന

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉടയുന്ന 
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌...
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌...
നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ
മൂകമുരുകുന്ന ഞാനാണു മൂഢൻ 
നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഢൻ... 

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത 

ചുടലയ്ക്കു കൂട്ടിരിക്കുമ്പോൾ...
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലിൽ 
കഴകത്തിനെത്തി നിൽക്കുമ്പോൾ... 
കോലായിലീകാലമൊരു മന്തുകാലുമായ്‌ 
തീ കായുവാനിരിക്കുന്നു... 
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേക്കീ 
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു...
പൊട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ 
മൊട്ടുകൾ വിരഞ്ഞു നടകൊൾകേ... 
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു... 

ഇവിടയല്ലോ പണ്ടൊരദ്വൈതി... 

പ്രകൃതിതൻ വ്രതശുദ്ധി 
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌...
ദേവകൾ തുയിലുണരുമിടനാട്ടിൽ 
ദാരുകലാ ഭാവനകൾ വാർക്കുന്ന പൊന്നമ്പലങ്ങളീൽ... 
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും 
നാട്ടുപൂഴി പരപ്പുകളിൽ... 
ഓതിരം കടകങ്ങൾ നേരിന്റെ 
ചുവടുറപ്പിക്കുന്ന കളരിയിൽ... 
നാണം ചുവക്കും വടക്കിനി തിണ്ണയിൽ...

ഇരുളിന്റെ ആഴത്തിൽ ആത്യാത്മ ചൈതന്യം 

ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ... 
ഈറകളിളം തണ്ടിൽ ആത്മ ബോധത്തിന്റെ 
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ... 
പുള്ളും പരുന്തും കുരുത്തോല നാഗവും 
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ...
ആടിമേഘം കുലപേടി വേഷം കളഞ്ഞാവണി 
പൂവുകൾ നീട്ടും കളങ്ങളിൽ...
അടിയാർ തുറക്കുന്ന പാടപറമ്പുകളിൽ 
അഗ്നിസൂക്തസ്വരിത യജ്ഞവാടങ്ങളിൽ... 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വർണ്ണങ്ങൾ വറ്റുമുന്മദവാത വിഭ്രമ 
ചുഴികളിൽ അലഞ്ഞതും 
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ 
ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും... 

പന്ത്രണ്ടു മക്കളത്രേ പിറന്നു... 

ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു.... 
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ 
രണ്ടെന്ന ഭാവം തികഞ്ഞു... 
രാശിപ്രമാണങ്ങൾ മാറിയിട്ടോ 
നീച രാശിയിൽ വീണുപോയിട്ടോ 
ജന്മശേഷത്തിൻ അനാഥത്വമോ 
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ... 
താളമർമ്മങ്ങൾ പൊട്ടിതെറിച്ച തൃഷ്ണാർത്ഥമാം 
ദുർമതത്തിൻ മാദന ക്രിയായന്ത്രമോ 
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ-
രാദ്യം കുടിച്ചും തെഴുതും മുതിർന്നവർ 
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ... 
എന്റെ എന്റെ എന്നാർത്തും കയർതും 
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും 
ഗൃഹ ഛിദ്ര ഹോമങ്ങൾ തിമിർക്കുന്നതും കണ്ടു 
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു... 

കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ... 

കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ...

പൊട്ടിച്ചിരിച്ചും പുലമ്പികരഞ്ഞും 

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും... 
ഇരുളും വെളിച്ചവും തിരമേച്ചു തുള്ളാത്ത 
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌...

ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ 

ഓങ്കാര ബീജം തിരഞ്ഞു...
എല്ലാരുമൊന്നെന്ന ശാന്തി പാഠം 
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു...

ഉടൽതേടി അലയുമാത്മാക്കളോട്‌ 

അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ...
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ... 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ... 

ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടേങ്ങൾ 

ചേട്ടന്റെ ഇല്ലപ്പറമ്പിൽ...  
ചാത്തനും പാണനും പാക്കനാരും 
പെരുന്തച്ചനും നായരും പള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും 
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും... 
വെറും, കാഴ്ച്ചക്കു വേണ്ടി ഈ ഞാനും...

ഇന്ദ്രിയം കൊണ്ടേ ചവയ്ക്കുന്ന താംബൂല- 

മിന്നലത്തെ ഭ്രാത്രു ഭാവം... 
തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും 
നമ്മൾ ഒന്നെനു ചൊല്ലും.. ചിരിക്കും..
പിണ്ഡം പിതൃക്കൾക്കു വയ്ക്കാതെ 
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും... 
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ 
ഭാണ്ടങ്ങൾ തന്ത്രത്തിലൊപ്പിച്ചെടുക്കും... 
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ 
ചാത്തിരാങ്കം നടത്തുന്നു... 
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും 
വിളിച്ചങ്കതിനാളുകൂട്ടുന്നു... 
വായില്ലാകുന്നിലെപാവത്തിനായ്‌ 
പങ്കു വാങ്ങിപകുത്തെടുക്കുന്നു... 

അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ 

സപ്തമുഘ ജടരാഗ്നിയത്രെ...
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ 
സപ്തമുഘ ജടരാഗ്നിയത്രെ...

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ 

ഒരുകോടി ഈശ്വര വിലാപം...
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ 
ഒരു കോടി ദേവ നൈരാശ്യം... 
ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം... 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു ദൈത്യന്യായാസനം... 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർഥി യിൽ വർണ്ണവും പിത്തവും തപ്പുന്നു... 
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിയ്ക്കയാണു 
ഊഴിയിൽ ദാഹമേ ബാക്കി...

ചാരങ്ങൾപോലും പകുത്തുതിന്നുന്നൊരീ 

പ്രേതങ്ങളലറുന്ന നേരം...
പേയും പിശാചും പരസ്പരം 
തീവട്ടിപേറി അടരാടുന്ന നേരം... 
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ 
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും... 
വീണ്ടുമൊരുനാൾ വരും... 
വീണ്ടുമൊരുനാൾ വരും... 
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ 
സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും... 
പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു 
അമരഗീതം പോലെ ആത്മാക്കൾ 
ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും... 

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും 

ഊഷ്മാവുമുണ്ടായിരിക്കും...
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൾ
അണുരൂപമാർന്നടയിരിയ്ക്കും...
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു 
ഒരു പുതിയ മാനവനുയിർക്കും...
അവനിൽനിന്നാദ്യമായ്‌ വിശ്വം സ്വയം പ്രഭാപടലം 
ഈ മണ്ണിൽ പരത്തും...

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന താന്തന്റെ സ്വപ്നം...

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന താന്തന്റെ സ്വപ്നം...

6 comments:

Unknown said...

Lots of mistakes

Unknown said...

നന്നായി...👍👍👍
💐💐💐

sanjeev kumar.r said...

Apt for the current time

Unknown said...

Thanks you for your cooperation

Unknown said...

എത്ര അർത്ഥ ഗാംഭീര്യമായ കവിത 🌹🤝ഞാൻ വളരെ ഇഷ്ടപ്പെടുന്ന കവിതയാണ്

SREEJITH.S NAIR said...

Kindly figure it out.. That will be helpful to others.. 🙏🏻