ഒട്ടുമിക്ക ആളുകളും യാത്രയ്ക്കായി ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകൾ ആണ്. ഓഫിസ് ജോലി ഉള്ളവർ, വിദ്യാർത്ഥി-വിദ്യാർഥിനികൾ, മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അങ്ങനെ ഒരുപാടു പേർ.
ബസിന്റെ ആടി ഉലഞ്ഞുള്ള ആ പോക്ക് പുറമെ നിന്ന് കാണാൻ ഒരു ചെറിയ പേടിയോടു കൂടിയ ഭംഗിയാണ്. എന്നാൽ, ഈ സമയം ബസിനുള്ളിൽ നിൽപ്പ്... !
മുൻപ് വശത്തിരിക്കുന്ന തരുണീമണികളുടെ മുമ്പിൽ ബസ് ഡ്രൈവർമാർ എപ്പോഴും ഒരു ഹീറോ ആണ്. പെൺകുട്ടികളെ കാണിക്കാൻ വേണ്ടി മാത്രം ചില നമ്പറുകൾ ഡ്രൈവര്മാര്ക്കുണ്ട്. സാധാരണ ഷർട്ടിനു മുകളിൽ കാക്കി ഷർട്ട് ഇട്ടിട്ടു, ബട്ടൻസ് എല്ലാം തുറന്നിടും. എന്നിട്ടൊരു ഇരുപ്പാണ്- ''ഇതൊക്കെ യെന്തു''... പറ്റുമെങ്കിൽ കൂളിംഗ് ഗ്ലാസും വയ്ക്കും. ബസിൽ എപ്പോഴും പ്രണയ ഗാനങ്ങൾ അലയടിച്ചുകൊണ്ടിരിക്കും. ഇതിനെല്ലാം ഒപ്പമാണ് ഡ്രൈവറുടെ അതി സാഹസികമായ ഡ്രൈവിംഗ്. വലത്തോട്ട് വീശുന്നു ഇടത്തോട്ട് വീശുന്നു... ആശാൻ സ്ടിയർ റിങ്ങിനു ഒരു സമാധാനവും കൊടുക്കില്ല; കൂടെ ഹോണടിച്ചു നശിപ്പിച്ചു വഴിയെ പോകുന്നവർക്കും. ബസിനുള്ളിലുള്ളവരെല്ലാം ദൈവത്തെ വിളിക്കുമ്പോൾ ബസിനു പുറത്തുള്ളവരെല്ലാം ഡ്രൈവറുടെ മാതാപിതാക്കളെ സ്മരിക്കും.
ഇനി വേറൊരാൾ ബസിന്റെ എല്ലാമെല്ലാമായ, സർവ്വ നിയന്ത്രണവും ഉള്ള കണ്ടക്ടർ സർ. ചില്ലറ ഇല്ലെങ്കിൽ കണ്ടക്ടർ സാറിനും ദേഷ്യം വരും. നമ്മളെന്തോ മഹാപാപം ചെയ്ത പോലെയുള്ള നോട്ടവും ''ചില്ലറയുമായി കയറേണ്ട?'' എന്നൊരു ചോദ്യവും. തിരക്കുള്ള സമയത്തു ആണെങ്കിൽ മുമ്പിൽ നിന്നും ആള് കയറിയാലും പുറകിൽ നിന്നും കയറിയാലും കണ്ടക്റ്റർ സാറിന്റെ വക ചീത്ത വിളി. ''പുറകിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ അങ്ങോട്ട് നീങ്ങി നിന്നേ''.
ഇതിനെല്ലാം പുറമെ, ഇതെല്ലാം നിയന്ത്രിക്കുന്നത് ഞാനാണു എന്ന മട്ടിൽ മറ്റൊരാളും. ബസിന്റെ മുൻവശത്തെ വാതിലിൽ കമ്പിയിൽ തൂങ്ങി നിന്ന് 'മരണ സാഹസം' കാണിക്കുന്ന ക്ലീനർ! അവർക്കാണ് ബസിൽ ഏറ്റവും തിരക്ക്. ഇടയ്ക്കു ഇടയ്ക്കു പുറകിലേക്ക് തിരിഞ്ഞും നോക്കും. മറ്റു ബസുകൾ ഓവർ ടേക്ക് ചെയ്യാൻ വരുന്നുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ മനസിലെ പേടി. സ്റ്റോപ്പിൽ ബസ് നിർത്തിയാൽ അടുത്ത ബസ് വരുന്നതിനു മുൻപ് ആളുകളെ ഇറക്കി, സ്റ്റോപ്പിൽ നിന്നും ആളുകളെ തള്ളിക്കയറ്റും. ഇറങ്ങാനോ കയറാനോ അൽപ്പം താമസിച്ചാൽ ഉടനെ സാറിന് ദേഷ്യം വരും. മാത്രമല്ല, പിന്നെ ഭയങ്കര ടെൻഷനും ആയിരിക്കും സാറിന്. ഇതൊക്കെ ആണെങ്കിലും എല്ലാവരെയും കയറ്റി ബസ് നീങ്ങിയതിനു ശേഷം മാത്രം z കാറ്റഗറി സെക്യൂരിറ്റി കമാൻഡോ പോലെ, ഓടിയേ ബസിൽ കയറൂ.
അങ്ങനെ സാഹസികമായ ഒരു യാത്രയാണ് ഒരു പ്രൈവറ്റ് ബസും കേരളത്തിലെ റോഡുകളിൽ കാഴ്ചവയ്ക്കുന്നത്. അതിൽ ഒരു പ്രൈവറ്റ് ബസിൽ, സർവ്വ ബോധവും നഷ്ടപ്പെട്ടു മറ്റൊരു മായാ ലോകത്തിലെന്ന പോലെ നമ്മളും എന്നും യാത്ര ചെയ്യുന്നു.
No comments:
Post a Comment